Salam K P
നെഞ്ചുലയില്‍ ഊതിപ്പഴുത്ത വാക്ക്
പുറത്തിറങ്ങി തെരുവിലൂടെ നടന്നു.
തീത്തുടിപ്പിനാല്‍ വഴിപോക്കര്‍
അകലം പാലിച്ചു.

പിശാചെന്ന് അമ്മമാര്‍
കുഞ്ഞുങ്ങളെ ഭയപ്പെടുത്തി
പട്ടണത്തിലെത്തിയ വാക്കിന്റെ വജ്രദീപ്തിയില്‍
വൈദ്യുതി നിഷ്പ്രഭമായി.
വാഹനങ്ങളും യാത്രക്കാരും
ദൂരദിക്കുകളില്‍ ഓടിമറഞ്ഞു.
പുതിയ നക്ഷത്രത്തെ
ശാസ്ത്രജ്ഞര്‍ സ്വാഗതംചെയ്തു.
പുരോഹിതന്മാര്‍
വാദകോലാഹലങ്ങളിലേര്‍പ്പെട്ടു.
ധൂമകേതുവെന്നു തരംതാഴ്ത്തി
പാണ്ഡിത്യത്തിന്റെ ഹുങ്ക്.
അന്ധാളിച്ചുനിന്നു വൈയാകരണാവലി.

കൈവിട്ടുപോയ വാക്കിനെ
തിരിച്ചുപിടിക്കാനാവാതെ
കവി മൌനം പുതച്ചു.
പൂര്‍വ്വസ്ഥാനത്തേയ്ക്കു തിരിച്ചുകയറാന്‍ കഴിയാതെ
വാക്ക്, തെരുവോരങ്ങളില്‍ കലാപത്തിനു
തിരികൊളുത്തിക്കൊണ്ടേയിരുന്നു.

കൂടുതല്‍ കവിതകള്‍