Salam K P
ചീനബ്ഭരണിയിലെ ഉപ്പുമാങ്ങകളാണ്
കാലത്തെക്കുറിച്ച് ഓര്‍മ്മപ്പെടുത്തുന്നത്

കൂത്താടികള്‍ തിളയ്ക്കുന്ന ലായിനിയില്‍ ആണ്ടുകിടന്ന്
ശരീരത്തെ പാകപ്പെടുത്തുമ്പോള്‍
ആരൊക്കെയാണ് രുചിനോക്കുന്നതെന്നറിയാതെ.
തേങ്ങയരച്ച മീന്‍കറി ചേര്‍ത്ത് കുഴച്ചുകഴിക്കുമ്പോള്‍
എവിടെനിന്നാണീ രുചികളത്രയും മാടിവിളിക്കുന്നത്?

പനിക്കുമ്പോള്‍ പൊടിയരിക്കഞ്ഞിയോടൊത്ത്,
ഇളംപ്രായത്തില്‍ ഏതുനേരത്തും,
മുതിര്‍ന്നാല്‍ ചോറിനൊപ്പം.
മാവും മാമ്പഴവുമില്ലാത്ത ലോകം!
വിരസങ്ങളായ ദിനങ്ങളിലേയ്ക്ക്
ചുനയുതിര്‍ത്തുനീളുന്ന ആയുസ്സ്.
അണ്ണാനൊപ്പം ചിലച്ചുതീരുന്ന പകലുകള്‍.

മുളയ്ക്കാനാവാത്ത ഈ വിത്തിനെ
ഏതുകുഴിയില്‍ ഒളിപ്പിച്ചുവെയ്ക്കും?