Bindu Krishnan
ഉരുകിയൊലിക്കാന്‍
വഴുക്കിവീഴാന്‍
വേണം ഒരു പുത്തന്‍ വീട്
അതില്‍ നിറയെ
ഓരോ സാമഗ്രികള്‍

ഒരൊറ്റത്തിരിക്കലില്‍
എന്തും ഒടിഞ്ഞുനുറുങ്ങണം
പൊടിഞ്ഞരയണം

ഉരയ്ക്കാതെ കത്തണം
ഒട്ടാതെ പൊരിയണം
തിളയ്ക്കാതെ വേവണം
പുളിക്കാതെ ഉറയണം

ഒരേ കാഴ്ച കണ്ട്
ഒരു നാഴിക നടക്കണം
ഒഴുകാതെ വിയര്‍ക്കണം
മുങ്ങാതെ കുളിരണം
തേയ്ക്കാതെ പതയണം

ഒരമര്‍ത്തലില്‍
പതഞ്ഞുപൊങ്ങണം
കവിഞ്ഞൊഴുകണം
പരസ്പരം മുട്ടാതെ ഒന്നാകണം
കടമോര്‍ക്കാതെ
പെട്ടെന്നുറങ്ങിപ്പോകണം