Nazeer Kadikkadu
എന്തൊരു തോരാമഴയെന്ന്,
കാലം തെറ്റിയ കാലമെന്ന്,
അനുഭവിച്ചോ അനുഭവിച്ചോന്ന്,
മഴയങ്ങനെ... പെയ്തും, നെയ്തും
മഴയായങ്ങനെ...

മഴമാനം മഴമരങ്ങള്‍
മഴവീടുകള്‍ മഴമുറ്റങ്ങള്‍
മഴത്തോടുകള്‍ മഴക്കുളങ്ങള്‍
മഴ മാറിയിട്ടു വേണം
പുറത്തേക്കിറങ്ങുവാന്‍;
മഴ മടക്കിവെച്ചതു
നിവര്‍ത്തിയിടുവാന്‍....

മഴക്കുളിരിലുച്ചി തലോടി
തലയിലുമെച്ചില്‍
എച്ചില്‍ വഴുപ്പിലൊരാലു കിളിര്‍ത്തു!
മേലാകെ പുല്ലു മുളച്ചു
തുമ്പയും, മുക്കുറ്റിയും
തൊട്ടാവാടിയും പടര്‍ന്ന്
മേനിത്തൊടി കാടായി

ഇഴജന്തുക്കള്‍ ഇലപ്രാണികള്‍
കുട്ടികള്‍ വരാതായി,
കുറ്റിരുട്ടു കൂടു വെച്ചു.
എല്ലിന്‍ കൂട്‌, വഴുക്കുപാറകളായി.
തെന്നിവീണ കൂട്ടുകാര്‍
വഴി മറന്നവരായി...

കണ്ണും കാതും പൊട്ടി
തിമിര്‍ത്തൊഴുകിയ മഴയില്‍
ഒരുക്കി വെച്ചതൊക്കെ
ഒലിച്ചു പോയി,
തോടും കായലും കടന്ന്
കടലോളമെത്തി
കരകവിഞ്ഞ തിരകളില്‍
മാഞ്ഞു...

ഇനി
മഴയൊഴിയുമ്പോള്‍ പുറത്തേക്കിറങ്ങണം,
ഓ‍ര്‍‌മ്മയുടെ ഭൂഖണ്ഡമായി...