Jayashree
ഭൂമിയുടെ അവകാശികളിലൊരാള്‍
എട്ടുകാലുകളില്‍ നിരങ്ങി നിരങ്ങി
പതുക്കെയടുക്കുന്നുണ്ട്
തന്റെയിടം വീണ്ടെടുക്കാനാകുമോ...?

ഒരു കുറ്റിച്ചൂലുകൊണ്ട്
പരിഹരിയ്ക്കാവുന്ന പ്രശ്നമേയുള്ളു

ആദ്യത്തെയടിക്ക്
ആകെയൊന്നു ചളുങ്ങി
യാചനയുടെ
നാലു കൂപ്പുകൈകളുയരുന്നു
പിന്നത്തെയടിക്കു
കറുത്ത
കണ്ടാലറയ്ക്കുന്ന
ചെറിയൊരുണ്ടമാത്രം

അമ്പട ഞാനെ!

ചൂലൊന്നു
ഡെറ്റോളില്‍ കഴുകിയാല്‍
തീരും കാര്യം

പക്ഷെ
ജീവന്റെ
അവസാനകണിക
തെറിച്ചുവീണ്
ഇപ്പോഴും പൊള്ളുന്നത്
എവിടെയാണ്?

ഇപ്പോള്‍ പ്രശ്നമുണ്ടാക്കിയതു
ബേപ്പൂരിലിരുന്നു
മരണപത്രത്തില്‍
അവകാശക്കണക്കെഴുതിവെച്ച്
കടന്നുപോയ ആളാണ്