Vijesh Edakkunni
മദേഴ്സ്ഡേയില്‍ എന്റെ കൂട്ടുകാര്‍ നേരംപോക്കിനായി
അവരുടെ അമ്മമാര്‍ക്ക് ആശംസാകാര്‍ഡുകള്‍ അയച്ചു
ഇരയിമ്മന്റെ ഈരടികളെയോര്‍ത്ത് എന്തൊരു നൊസ്റ്റാള്‍ജിക്
ഫീലിങ്ങെന്ന് സിഗരറ്റു പുകച്ചു
ബിയര്‍ മുലചുരത്തുന്നുവെന്ന് നോട്ടീസില്‍ കുറിച്ചു
ശരണാലയത്തിലേയ്ക്ക് ഒരു സീറ്റ് റിസര്‍വ്വ് ചെയ്തു
ഡൊണേഷന്‍ കൊടുത്തു

മദേഴ്സ്ഡേയില്‍ എല്ലാ അമ്മമാരും
അവരുടെ അമ്മമാരെക്കുറിച്ചോര്‍ത്തു
പടികയറി ഒരു പോസ്റ്റുമാന്‍ വരുന്നത് സ്വപ്നം കണ്ടു
എസ് എം എസ് സൌഹൃദത്തിന്റെ രുചിയറിഞ്ഞു

എത്രവട്ടം എഴുതി പ ിച്ചിട്ടും
'അമ്മ' എന്നുമാത്രം
തെറ്റുകൂടാതെ എനിക്കെഴുതാനാവുന്നില്ല
ചിലപ്പോള്‍ അമ്മയെന്നെഴുതിയാല്‍
ആമ എന്നു വായിക്കും
മറ്റുചിലപ്പോള്‍ 'അ' മാത്രം
ചിലനേരങ്ങളില്‍ 'മ്മ' മാത്രം
'അ' യ്ക്കും 'മ്മ'യ്ക്കും ഇടയില്‍
വെളിപ്പെടുത്താനാകാത്ത ഒരു പ്രതിരോധം
വിളിച്ചാല്‍ വിളികേള്‍ക്കാന്‍
അമ്മയുള്ളവര്‍ ഭാഗ്യവാന്മാര്‍
സ്വര്‍ഗ്ഗരാജ്യം അവര്‍ക്കായ് ഉറക്കമിളയ്ക്കുന്നു

കൂടുതല്‍ കവിതകള്‍