Surab
ഇടം

ഞാനൊരു പുസ്തകം കൊടുത്തു
പകരം, അവളെനിക്കൊരു പൂവു തന്നു
വീട്ടിലെത്തി, മണത്തുനോക്കി
ഹായ്, മധുരം ഈ പൂവിന്‍ മണം
അതില്‍പ്പിന്നെയാണ് ഞാന്‍ പൂമ്പാറ്റയായത്
ആ കവിതയിലെ പൂന്തോട്ടമായത്

സംഭവം

നിന്റെ ഹൃദയം ഒരു കുറുക്കുവഴിയാണെന്നും
അതിലൂടെ കുത്തനെ കൈയും വീശി നടന്നാല്‍
എളുപ്പം അക്കരെ എത്താമെന്നും
എന്നോട് അയാള്‍ പറയുന്നു
അങ്ങനെയാണ് അയാളുടെ വാക്കുകേട്ടു
ഞാന്‍ നടത്തം തുടങ്ങിയത്
പറഞ്ഞിട്ടെന്ത്?
അയാള്‍ക്കറിയില്ലല്ലോ,
ഞാനായിരുന്നു
നിന്നിലെ ആദ്യത്തെ യാത്രക്കാരനെന്ന്

സമ്മാനം

സൂര്യപര്‍വ്വതം ഈ ജീവിതം
എന്നിട്ടും
ചെരിപ്പുകുത്തിയുടെ 'വാറ്'
അവളെ പൊള്ളിക്കുന്നു
നോവിക്കുന്നു
സത്യം പറഞ്ഞാല്‍
അതില്‍നിന്നും രക്ഷിക്കാനാണ്
ഞാന്‍ ഐസ്ക്രീം വാങ്ങിയത്
അവളെ തീറ്റിച്ചത്
കെട്ടിപ്പിടിച്ചത്.

ഭാവം

പ്രണയം മൂത്തപ്പോള്‍
ഞങ്ങള്‍,
ഷാജഹാനും മുംതാസുമായി
താജ്മഹലായ്
പിന്നീടു പ്രണയം മടുത്തപ്പോള്‍
കാമ്പസ്സും കാറ്റാടിയും പിയാനോവും മറന്നു
അവള്‍ എങ്ങോട്ടോ പോയി
അതിനുശേഷമാണ്
ഞാന്‍ താജ്മഹല്‍ വിറ്റതും
കാശുകാരനായതും

കാണ്ഡം

മുള്ളുകൊണ്ടപ്പോള്‍ ഇല പറഞ്ഞു;
ഇനി ഞാനെങ്ങനെ അപ്പം പൊതിയും ?
സദ്യവട്ടത്തിരിക്കും?
അപ്പോള്‍ മുള്ളു പറഞ്ഞു;
ഞാന്‍ നിന്നെ ചാരിയാലും
നീ എന്നില്‍ വീണാലും
പിന്നേയും അവര്‍ സദ്യ വിളമ്പും
കേടുപാടുകള്‍ പറയും
കാരണം, അവരെന്നും
ഇലയില്ലാത്ത ഒരു മരമാണ്