Surab
മൊത്തം ഒരഴിച്ചുപണി ആവശ്യമായിരിക്കുന്നു
അതില്‍ ആദ്യം മാറ്റേണ്ടത് എന്നെത്തന്നെയാണ്
അവിടെ ദഹിക്കാത്ത ഒട്ടനവധി അഴുക്കുകളുണ്ട്
ഹൃദയവാല്‍വിനും ഭിത്തിക്കുമിടയില്‍
എണ്ണ കുടിച്ച നയ്ത്തിരിയുണ്ട്
ചതഞ്ഞുപോയ രാത്രികളും
പറന്നുപോയ കിളികളുമുണ്ട്
പേടിപ്പെടുത്തുന്ന സ്വപ്നങ്ങളും
തൈലം മണക്കുന്ന ഇടവഴികളുമുണ്ട്.
ഭൂതത്താന്‍കുന്നും സൂര്യാസ്തമനവും
മാഞ്ഞുപോയ കാലടികളുമുണ്ട്.
ഊരിയെടുത്ത കഴുക്കോലുണ്ട്
പണയപ്പെടുത്തിയ നക്ഷത്രങ്ങളുണ്ട്.
പാതിവഴിയില്‍ ഉപേക്ഷിച്ച കളിക്കോപ്പും
മറന്നുവച്ച പലഹാരപ്പൊതിയുമുണ്ട്.
ആരിലും ചാരാതെ പാതിവളഞ്ഞ ജീവിതമുണ്ട്.
ആര്‍ക്കും പാകമാകാത്ത ഒറ്റയുടുപ്പിട്ട പേക്കോലമുണ്ട്.

ആരും തിരിച്ചറിയാതെ
പത്തായത്തിനും കതിര്‍ക്കറ്റകള്‍ക്കും ഇപ്പുറം
ഞാന്‍ "വെടിക്കണ്ണനായി'
ആരുടേയോ പുരപ്പണിക്കു
അതിന്നും കാവല്‍ നില്ക്കുകയാണ്.