Surab
കാലം

ഡിസംബര്‍
ബ്ലൌസിടാത്ത പെണ്ണ്
ജനുവരി
തലേക്കെട്ടുള്ള ചട്ടമ്പിയും.

അവരുടെ കൂടിക്കാഴ്ചയ്ക്കു മുമ്പ്
ചട്ടമ്പി തന്റെ തലേക്കെട്ടഴിച്ച്
ബ്ലൌസിടാത്ത പെണ്ണിനു കാഴ്ചവെക്കുന്നു.
രാസപീഡനങ്ങള്‍ക്കു ശേഷം
കൃത്യം മുപ്പത്തിയൊന്നിനു അര്‍ദ്ധരാത്രി
അവര്‍ക്കൊരു കുഞ്ഞു പിറക്കുന്നു
"പുതുവര്‍ഷം"

പിന്നീടുള്ളതൊക്കെ
കളിപ്പാട്ടങ്ങളാണ്.
അവരുടേയും കുഞ്ഞിന്റേയും
ചവിട്ടുംകുത്തുമാണ്.

ദേശം

സായിപ്പ് ഉപേക്ഷിച്ച ടൈയ്യാണ്
പിന്നീട് രാമേട്ടന്റെ കോണകമായത്.
ഇതൊക്കെ സ്വാതന്ത്ര്യത്തിനു മുമ്പ്.
ഇപ്പോള്‍ രാമേട്ടന്‍ കോണകമുടുക്കാറില്ല.
അല്ലെങ്കില്‍ സ്വാതന്ത്ര്യത്തിനുശേഷം
ആര്‍ക്കാണു പിന്നെ 'നാണം' ഉണ്ടായിട്ടുള്ളത്?

ചരിത്രം

സഖാവ് പി.കൃഷ്ണപിള്ളയെ കടിച്ച പാമ്പാണ്
ഇന്നത്തെ രാഷ്ട്രീയം.
മകുടി ഊതുമ്പോഴും വിഷം ചീറ്റും.
അങ്ങനെ ഉറയൂരിയ പാമ്പുകളൊക്കെ
പാമ്പാട്ടിയുടെ വായില്‍ത്തന്നെ
ആടിക്കുഴയുന്നു.
കേരളപ്പിറവി ആഘോഷിക്കുന്നു.