Surab
കോവണി കയറിപ്പോകുന്നത്
ഒരു കവിതയാണ്
മദ്യപിച്ചിട്ടുണ്ട്.
തൊട്ടുമുമ്പ് തട്ടുകടയില്‍ കണ്ടിരുന്നു
അതിനുമുമ്പ് ടൌണ്‍ഹാളിലും.

ആരോടും അധികം മിണ്ടില്ല
വൃത്തത്തില്‍ ചിരിക്കില്ല
മുട്ടു മടക്കില്ല, മുഖം മിനുക്കില്ല
ഇരിക്കാന്‍ അറിയില്ല
ഇപ്പോള്‍ കിടക്കുകയാണ്,
കെട്ടിടത്തില്‍നിന്നു ചാടി
പെരുവഴിയില്‍ ഛിന്നഭിന്നമായി.

2

കോവണി ഇറങ്ങിവരുന്നത്
ഒരു കഥയാണ്.
അതിഭാവുകത്വമാണ്
ആധുനികോത്തരവും.

ഇറങ്ങിയ വഴി കാറില്‍ കയറുന്നതു കണ്ടിരുന്നു.
കൂടെ ഒരു നിരൂപണവുമുണ്ട്.
പിന്നീടെങ്ങോട്ടുപോയി എന്ന് ആര്‍ക്കുമറിയില്ല.

3

കഥാസങ്കല്പത്തില്‍
കോവണി ഒരു ദുരന്തമാണ്
പലതും പിഴച്ചുപോകുന്ന
ജീവിതത്തിന്റെ മഹാകയറ്റവും ഇറക്കവും.

സൂക്ഷിച്ചില്ലെങ്കില്‍,
കയറുമ്പോള്‍ തലകറങ്ങും, കാലു കഴയ്ക്കും.
ഇറങ്ങുമ്പോള്‍ തെന്നിവീഴും, കിടപ്പിലാവും.

എത്ര വിശദീകരിച്ചിട്ടും
കോവണി ഒരു ചവിട്ടുപടിയായിത്തന്നെ
വായനയില്‍ അവശേഷിക്കുന്നു.