Sooraja. E.M
എന്റെ സ്വപ്നങ്ങള്‍
ഞാനറിയാതെ
നീ, ആര്‍ക്കൊക്കെയാണ്‌
കൊടുത്തത്‌?
സ്വപ്നങ്ങള്‍ നെയ്യുന്ന
എന്റെ പണി
ഇല്ലാതാക്കാനാണോ
നിന്റെ ഭാവം?
ഇതു മുമ്പേ അറിഞ്ഞിരുന്നെങ്കില്‍
മരുഭൂമിയില്‍ വസന്തം വിരിയുമെന്നും
മനുഷ്യരില്‍
ശാശ്വതസ്നേഹമുണരുമെന്നും
ദൈവമേ!
ഞാന്‍ മോഹിക്കുമായിരുന്നു
കഷ്ടം!
എനിയ്ക്കും നിനക്കും
ഭൂമിക്കും നഷ്ടം!
എന്റെ എട്ടുകാലിവലകള്‍
നീ തുടര്‍ച്ചയായി
അടിച്ചുവാരിക്കളയുന്നതിനെക്കുറിച്ച്‌
കരയാന്‍
എനിക്കു നേരമില്ലാതിരുന്ന കാലത്ത്‌
ഞാന്‍ ഒന്നുമാലോചിച്ചിരുന്നില്ല
ഇപ്പോള്‍ ഒരു സംശയം
നീ ഒരു തൂപ്പുകാരനും
ഞാന്‍ ശില്‍പിയും
ആയിപ്പോകുന്നതില്‍
നിനക്കൊട്ടും വിരോധമില്ലെന്നോ?
നേരത്തെ പറഞ്ഞതുപോലെ
കഷ്ടം!
എനിക്കും നിനക്കും
ഭൂമിക്കും നഷ്ടം!