Sooraja. E.M
വാല്മീകി ഒളിച്ചിരുന്ന മണ്‍പുറ്റിന്‌
ഒരു വാതിലുണ്ടായിരുന്നെങ്കിലോ?
എനിക്കുറപ്പാണ്‌
ഒരിക്കലും ഒരു രാമായണം
അതില്‍നിന്ന്‌ പുറത്തേയ്ക്കു വരില്ല
ഏറിയാല്‍
കുറച്ച്‌ ഒറ്റശ്ലോകങ്ങള്‍
സ്തോത്രങ്ങള്‍ ഒക്കെ
സൂര്യായനത്തെ ക്രമബദ്ധമാക്കാന്‍ കൊതിച്ച്‌
ചാടിപ്പുറപ്പെടുമായിരുന്നു
വാതിലുകള്‍
വിനതയെപ്പോലെയാണ്‌
പാതിയ്ക്കുവച്ച്‌
മുട്ട ഉടച്ചുകളയുന്നവര്‍
അതു തിരിച്ചറിഞ്ഞപ്പോഴാണ്‌
വ്യാസന്‍
ഒരു മൂടല്‍മഞ്ഞിന്റെ മറവില്‍
ജനിച്ചുകളയാമെന്നു തീരുമാനിച്ചത്‌
അതുകൊണ്ടുതന്നെയാണ്‌
യേശു
ഒരു തച്ചനായി ജനിച്ചതും
എവിടെയോ വാതിലുകളാകേണ്ട
മരക്കഷണങ്ങളെ കുരിശാക്കി
അതിന്‌ തന്റെ ജീവനെ കൊടുത്തതും
പാതിയ്ക്കുവച്ച്‌
സ്വപ്നങ്ങളെ വിട്ടുകളയുന്നതുകൊണ്ട്‌
മനഃസാക്ഷിയുടെ വാതിലിനോട്‌
എനിക്കും നീരസമുണ്ട്‌.