Vishnu Prasad
കറുത്ത് കറുത്ത് കരിക്കട്ട പോലെ ഒരു മനുഷ്യന്‍
കോണകം മാത്രമുടുത്ത്
വെയിലിന്റെ വിളവെടുക്കുന്നു.
ഒരു പൊയ്ക്കുതിര വഴിയോരത്ത് വിശ്രമിക്കുന്നു.
ഉഷ്ണക്കാറ്റിനെ ഭേദിച്ച് എന്റെ ബസ് മുന്നോട്ടു പോവുന്നു.

തമിഴേ നിനക്കെന്നോടെന്താണ് പറയാനുള്ളത്?
അനാദിയായി കിടക്കുന്ന ഭൂമിയും ആകാശവും
ഒരു കറുത്ത കണ്ണടവെച്ച് നോക്കുന്നുണ്ടോ?
വഴിമരങ്ങളിലെ പുളിമരങ്ങള്‍
ഉയരം കുറഞ്ഞ,കറുത്ത,ദാവണിയുടുത്ത
തമിഴ് പെണ്‍കുട്ടികളെപ്പോലെ ചിരിക്കുന്നുണ്ടോ?
വഴിയരികില്‍ ഇളനീര്‍ വെട്ടുന്നവനേ,
നാം തമ്മില്‍ പരിചയപ്പെട്ടിട്ടുണ്ടോ?
ബസ് സ്റ്റാന്‍ഡില്‍ നടക്കുന്ന ഈ ജനത്തിനു നടുവില്‍
ഒരു മലയാളിയായി ഞാനെങ്ങനെയാണ് വേര്‍പെട്ടു നില്‍ക്കുന്നത്....
ഉപ്പും മുളകും പുരട്ടിയ നിന്റെ കക്കരി ഞാന്‍ കടിച്ചു തിന്നതാണല്ലോ...

എന്റെ വീട് വയനാട്ടിലല്ല.
എന്റെ വീട് സേലത്താണ്.
എന്റെ ഭാര്യ ടീച്ചറല്ല.
എന്റെ ഭാര്യ ആടു നോക്കുന്നവളാണ്.
എനിക്ക് വെളുത്ത കുട്ടികളില്ല.
എനിക്ക് കരിക്കട്ട പോലത്തെ,
മൂക്കൊലിപ്പിച്ചു നടക്കുന്ന മൂന്ന് കുട്ടികളാണ്.
എന്റെ വീടിനു ചുറ്റും ഒരു നാറ്റമാണ്.
ആട്ടിന്‍ കാട്ടത്തിന്റേയും അഴുക്കുവെള്ളത്തിന്റേയും മണം.
ഞാനിപ്പോള്‍ എന്റെ വീട്ടിലേക്കുള്ള വണ്ടി നോക്കി നില്‍ക്കുകയാണ്