Muhammed kutty Elambilakkode
പാതിമെയ്യിനെ,
മീനുകളുറങ്ങുവാന്‍
ശിശിരനദി പാടുന്ന
പാതിരാച്ചിന്തിനെ,
നാട്ടിരുട്ടു മൗന-
ക്കുളിരും പുതച്ച്‌
മുല്ലമലരുകള്‍
മെല്ലെ വിവര്‍ത്തനംചെയ്യു-
മാതിര നിലാവിനെ
ഇത്ര സൂക്ഷ്‌മമയ്‌
വായിച്ചെടുക്കുവാന്‍
എത്ര ദൂരേക്കു
പിരിയേണ്ടിവന്നു!
ചുനമണക്കാറ്റിന്റെ
ഭാവുകത്വത്തില്‍
മാമ്പഴക്കാലമായ്‌
വൈലോപ്പിള്ളി പൂക്കുന്നതും
നാട്ടുമാവിലെക്കതിരു-
കാണാക്കിളിയായ്‌ പി
ഞാറ്റുവേലപ്പകര്‍ച്ചയെ
നീട്ടിമീട്ടുന്നതും
മഴയുടെ നന്തുണിച്ചിന്തില്‍
മിഥുനമേഘമായ്‌ നന്തനാര്‍
പെയ്‌തിറങ്ങുന്നതും
ഇടശ്ശേരി പൂതമായ്‌
പാടുന്നൊരേഴിലം-
പാല പൂക്കുന്ന
കാവിലേക്കെന്റെ
ബാല്യ-കൗമാരങ്ങള്‍
പോയകാല-
പ്പടവുകളിറങ്ങി
വിസ്‌മയഭരിതമെത്തുന്നതും
ആഴത്തിലാഴത്തിലറിയുവാന്‍
ആഴിതാണ്ടിയകലേണ്ടിവന്നു!