Ramachandran. P.P
ചെത്തുകാരന്‍ വാസുവിന്റെ
മകളല്ലേ ദേവയാനി?
അവളല്ലേ ദിനേശന്റെ
കൂടെയൊളിച്ചോടിയത്?

വാസുവണ്ണന്‍ ചത്തുപോയി
ദേവയാനി പെറ്റുപോയി
ദിനേശേട്ടന്‍ റെയിലിമ്മെ
തലവെച്ചു മറന്നുംപോയ്

മേനവന്റെ ബസ്സിലിപ്പോള്‍
ഡ്രൈവറാര്? ശങ്കുവല്ലേ?
ശങ്കുവിന്റെ മകന്‍ രാജന്‍
ഗള്‍ഫിലേക്കു കടന്നില്ലേ?

ബസ്സിടിച്ചു ചത്ത കോര്‍മ്മന്‍
മേനവന്മേല്‍ പിടികൂടി
കത്തുമില്ല ഡ്രാഫ്റ്റുമില്ല
ശങ്കുവിന്നു പണിയുമില്ല

പാര്‍ട്ടിസമ്മേളനത്തിന്നു
റാലിയുണ്ടായിരുന്നില്ലേ?
ബാലകൃഷ്ണന്‍തന്നെയല്ലേ
ബ്രാഞ്ചുസെക്രട്രി?

ബാലകൃഷ്ണന്‍ തോറ്റു; മറ്റേ-
പ്പാര്‍ട്ടിയെ തിരഞ്ഞെടുത്തു
റാലി മാറ്റിവെച്ചു; വണ്‍ഡേ
മാച്ചു കാണാന്‍ ടീവി വെച്ചു.

കഷ്ടകാലം കേട്ടുകേട്ടെന്‍
ചെപ്പ പൊട്ടിപ്പോകുമല്ലോ
നല്ലലോകം വന്നുകാണാന്‍
നല്ലതാക്കി ചൊല്ലെടാ നീ

എങ്കിലിന്നു ഞാന്‍ പറയാം
ശങ്കുതന്നെയാണു ഡ്രൈവര്‍
ഗള്‍ഫില്‍നിന്നു വന്ന രാജന്‍
കോര്‍മ്മനേയും കൊണ്ടുപോയി

അറ്റ തല ചെന്നെടുത്തു
ദിനേശേട്ടന്‍ വീട്ടിലെത്തി
ദേവയാനി ചെക്കനെ എല്‍-
ക്കേജിയിലാക്കി.

ബാലകൃഷ്ണന്‍ വിജയിച്ചു
ജാഥ കടല്‍ പോലിരമ്പി
വേണമെങ്കില്‍ച്ചക്ക മാവിന്‍
വേരിലൊന്നു കായ്ചു.