Raj Neettiyath
പുഴ മരിച്ചതു്
എന്റെ കണ്മുന്നില്‍ കിടന്നാണു്
മരിക്കും മുമ്പു്,
പുഴ ചുണ്ടു പിളര്‍ത്തിക്കരഞ്ഞു
ഒരിറ്റു കുടിനീരിനു് പരക്കംപാഞ്ഞു ഞാനോടി
ദാഹിച്ചു വലഞ്ഞു തിരികെ വന്നപ്പോള്‍
പുഴ പറഞ്ഞു,
എന്റെ ചങ്കിലല്പം വെള്ളമുണ്ടു്
നീയതു കുഴിച്ചെടുത്തു കുടിച്ചോ..
എന്നിട്ടു്,
ഈ തൊണ്ടയിലെ മുള്ളൊന്നെടുത്തു താ
നരകത്തില്‍ ചെന്നു്
ഞാനൊന്നുറക്കെ കരയട്ടെ!

മരണം.

മരണത്തിലേയ്ക്കു തുറന്നിരിക്കുന്ന വായില്‍,
ഞാന്‍ ഒളിഞ്ഞുനോക്കി
ജൈവചാക്രികങ്ങള്‍ മുറിഞ്ഞു്
ഒറ്റപ്പെട്ട
ഒരു ഏട്ടയുടെ മുള്ളു്.