Madhavan Puracheri
സ്മൃതിനാശം വന്നിട്ടില്ലാത്ത
തപാല്‍പെട്ടി

റിലയന്‍സ്,
ഐഡിയ,
ഇ മെയില്‍,
ഇന്റര്‍നെറ്റ്,
വിസ്മയങ്ങളെ ശപിച്ച്
പ്രണയമില്ലാതെ
തുരുമ്പുപിടിച്ചു നില്ക്കുന്നു.

ഒരൊറ്റനെടുവീര്‍പ്പെങ്കിലും
കിട്ടിയിരുന്നുവെങ്കില്‍
പൂത്തുലയാമായിരുന്നു...!

മൌനമുദ്രിതമായ ചുംബനങ്ങളാല്‍
നിറഞ്ഞുകവിഞ്ഞ വസന്തകാലങ്ങള്‍!

"പൊന്നേ, കരളേ,
ഒന്നിങ്ങുവന്നെങ്കില്‍
ഉയിരുക്കുയിരായ..."

കണ്ണീര്‍വെളിച്ചത്തില്‍
മുഴുമിക്കാത്ത വാക്കുകള്‍
എഴുതിയെഴുതിത്തീരാത്തതിനാല്‍
പശപുരണ്ട, കീറിപ്പോയ അക്ഷരങ്ങള്‍.
ഹൃദയത്തിനല്ലാതെ
മറ്റൊന്നിനും വായിച്ചെടുക്കാന്‍ പറ്റാത്തവ,
തിരിച്ചുവരാന്‍ മതിയായ സ്റ്റാമ്പില്ലാത്ത
പുഞ്ചിരികള്‍.

കുട്ടികള്‍ ചരല്‍ വാരി
തപാല്‍പെട്ടിയിലിട്ടു;
അവരറിയുമോ
അമ്മ അച്ഛനെഴുതിയ കത്തുകള്‍...