Santhosh Alex
ഇടത്തെ പുരികം വലതിനോടു ചോദിച്ചു
എനിക്കു വിയര്‍പ്പുതുള്ളി തുടയ്ക്കാനാകും, നിനക്കോ?
ഉവ്വ്, എന്നുത്തരം പറഞ്ഞു വലത്തെ പുരികം.

ഇടത്തെ കണ്ണ് വലതിനോടു ചോദിച്ചു
എനിക്ക് പക്ഷിയുടെ കണ്ണു കാണാം, നിനക്കോ?
ഉവ്വ്, എന്നുത്തരം പറഞ്ഞു വലത്തെ കണ്ണ്.

ഇടത്തെ ചെവി വലതിനോടു ചോദിച്ചു
എനിക്ക് പെരുമ്പറ കേള്‍ക്കാം, നിനക്കോ?
ഉവ്വ്, എന്നുത്തരം പറഞ്ഞു വലത്തെ ചെവി.

ഇടത്തെ കൈ വലതിനോടു ചോദിച്ചു
എനിക്ക് ഭാരം ഉയര്‍ത്താനാകും, നിനക്കോ?
ഉവ്വ്, എന്നുത്തരം പറഞ്ഞു വലത്തെ കൈ.

ഇടത്തെ കാല് വലതിനോടു ചോദിച്ചു
എനിക്ക് മണ്ണു കുഴയ്ക്കാനാകും, നിനക്കോ?
ഉവ്വ്, എന്നുത്തരം പറഞ്ഞു വലത്തെ കാല്.

തത്ക്ഷണം പാര്‍ക്കിലെ പ്രതിമയ്ക്ക്
മനുഷ്യരൂപം കൈവരികയും
പാര്‍ക്കില്‍ ഉള്ള മനുഷ്യരെല്ലാം
പ്രതിമകളാവുകയും ചെയ്തു.