Rajeevan T P
തലയ്‌ക്കു മുകളില്‍
കാല്‍ക്കീഴില്‍
വായില്‍
അണ്ണാക്കില്‍
എത്തുന്നതുവരെ
എവിടെയായിരുന്നു
ഈ പുഴു?

തിയ്യതികളില്ലാത്ത
വഴി

ഏകാന്തം
സൂക്ഷ്‌മം
യാത്ര

പൂവിലും
പുണ്ണിലും
രഹസ്യം
വാഴ്‌വ്‌

ആയിരം വേനല്‍ സഹിച്ച
ഒരാല്‍മരം
കാടിളക്കി മദിക്കുന്ന കൊമ്പന്‍
കടലിന്‍ ഗര്‍ഭം തകര്‍ക്കുന്ന തിമിംഗലം
ലോകത്തെ കാല്‍ക്കീഴില്‍ നിര്‍ത്തുന്ന
രാജാധിരാജന്‍
ഒരു വെറും പുഴു

സ്വന്തമുടല്‍കൊണ്ട്‌
പ്രപഞ്ചത്തെ
എഴുതുന്നു
വായിക്കുന്നു

ഓരോ മണ്‍തരിയും
ഈ ദിഗംബരന്‌
പൊളിച്ചുമാറ്റപ്പെട്ട
ദേവാലയം.