Kedarnath Singh
നിശ്ശബ്ദരായി ഇരിക്കുന്നവര്‍
ഏറ്റവുമധികം ഒച്ചയുണ്ടാക്കുന്നു.
കളിക്കളത്തില്‍ പന്തുയരുമ്പോള്‍
ഇവര്‍ ഏറ്റവുമധികം അലറുന്നു.
ഇവര്‍തന്നെ പട്ടണത്തില്‍നിന്ന്
ജാഥ പൊയ്ക്കഴിയുമ്പോള്‍
ഏറ്റവും കൂടുതല്‍ മുദ്രാവാക്യം വിളിക്കുന്നു.

നിശ്ശബ്ദര്‍ക്ക് കൂട്ടായ്മയൊന്നുമില്ല.
ലോകത്തിലെ മുഴുവന്‍ നിശ്ശബ്ദരും
ആറാറുമാസം കൂടുമ്പോള്‍
ഏതോ രഹസ്യപട്ടണത്തില്‍
സമയത്തിന്റെ ഏതോ തട്ടില്‍
ഒരിക്കല്‍ കൂടിച്ചേരുന്ന വിവരം ലഭിച്ചു.

സംസാരിക്കുന്നതു ചീവീടായാലും
മനുഷ്യനായാലും
സംസാരിക്കുന്നവരെ നിശ്ശബ്ദര്‍
സംശയത്തോടെ കാണുന്നു.

അവരുടെ വിചാരം
ഏതെങ്കിലും പട്ടണത്തില്‍
ബോംബു വീഴുകയാണെങ്കില്‍
എല്ലാം നഷ്ടപ്പെട്ടുപോകും
രക്ഷപ്പെടുന്നതു നിശ്ശബ്ദര്‍ മാത്രം.

...........................................................
മൊഴിമാറ്റം : സന്തോഷ് അലക്സ്

കൂടുതല്‍ കവിതകള്‍