Girija. V.M
എടുത്തുകളയണമീറന്‍ മുടിയിഴ
കാലടി,യടയാളം
വിരല്‍ത്തിളക്കം, മണ,മതുവേണ്ടാ
വേഷം മാറേണം
കുതിച്ചിടാം നാം പയ്ക്കുട്ടിയുമായ്
പറമ്പിലൂടെങ്ങും - ചെറു
കുളത്തില്‍ മുങ്ങാം മീനുകളായി-
ത്തുടങ്ങിടാ,മല്ലേ?

ഒരുപാടത്തില്‍ കൊറ്റിച്ചിറകിന്‍
കൊടി പാറിച്ചീടാം
ഒരിറ്റുമണ്ണില്‍ ചേമ്പിലയില്‍ വീ-
ണൊരൊറ്റ ജലമാകാം
ഒഴുക്കിടാം നാം തോണികളാറ്റില്‍
ഒഴുക്കുമായീടാം
ഒഴുക്കിലിരുതാറാക്കുഞ്ഞുങ്ങള്‍
കണക്കുമായീടാം

എനിയ്ക്കുവേണ്ടാ ലോകത്തിന്‍ വഴി
വയസ്സു,തന്റേടം
ഇരുതാരകളായ് അന്തിക്കോണില്‍
പൊടിച്ചുനിന്നോളാം
നമുക്കു പോകാം കഥകളിമേളം
തുളുമ്പുവേടത്തും
പരസ്പരം കൈ പിടിച്ചിരുന്നേ
രസിച്ചു കളികാണാം
തനിച്ചിരിക്കാന്‍ മടിവേണ്ടിനി നാം
ഒരുമിച്ചാണല്ലോ
ഒരുപൂമൊട്ടിന്‍ വാസനയും തൂ-
നിറവും നാമാവാം
ഒരുപൂവീണുകിടക്കും പൂഴിയു-
മാപ്പൂവും നാമേ
കുമാരനാശാനെഴുതിയ വരി നീ-
യതിന്റെയര്‍ത്ഥം ഞാന്‍
ഒരമ്മ പാലൂട്ടുംസുഖമറിയും
ചെറുകവിളുകളാകാം

എനിയ്ക്കുവയ്യീയാനന്ദത്തിന്‍
കനമില്ലാക്കനമോതാന്‍
ഇതെത്രസരളം ലോകംമുഴുവന്‍
വെളിച്ചമൊഴുകുന്നൂ
ഇടനാഴിയുടെ ജനലഴിയില്‍ കയര്‍
വരിഞ്ഞുകെട്ടി പ-
യ്യടുക്കെ മുറ്റത്ത,ച്ഛനതിന്നെ
കഴുകിക്കുകയല്ലോ
ഒരുകാറ്റില്‍ തറപറ്റിയകുരുവി-
ക്കൂടുമെടുത്തുംകൊ-
ണ്ടുരച്ചു വെള്ളംവീഴ്ത്തി,പ്പയ്യിനെ
നനയിക്കുകയല്ലോ
അതിന്നു വെള്ളം ലോട്ടയിലോ, പിടി
പറിഞ്ഞ കോപ്പയിലോ
കൊടുത്തുടുപ്പു നനഞ്ഞു ചിരിച്ചീ
ഞാനുമടുത്തുണ്ടേ

അതുപോലുള്ളൊരു വെറുംസുഖത്താല്‍
മനസ്സു മൂടുന്നൂ
ഇതിത്രവൈകീട്ടിത്രകഴിഞ്ഞി-
ട്ടെങ്ങനെ വന്നെത്തീ?