Kalesh. S
പണ്ടൊരു പെണ്ണുകുട്ടി
സ്‌ക്കൂള്‍ നാടകത്തില്‍കെട്ടിയ
നാടോടി നര്‍ത്തകിയുടെ വേഷം അഴിച്ചുവയ്‌ക്കാതെ
വീട്ടിലേക്കോടി...

കവലകളാപെണ്ണുകുട്ടിയെ
ഒരുകൈകൊണ്ടുചൂണ്ടി
മറുകൈകൊണ്ട്‌ വാപൊത്തിച്ചിരിച്ചു.

വളവുകള്‍ക്കപ്പുറത്തേക്കാപെണ്ണുകുട്ടിക്കും മുന്നേ
ചെറുചിലങ്കകള്‍ മണികിലുക്കി,കിലുങ്ങിനടന്നു.
കുഞ്ഞുകാലുകള്‍ നൃത്തചുവടുവെച്ചു.
കൈകള്‍ പിഞ്ചുമുദ്രയായി.

അരണ്ടവൈന്നേരവെട്ടം
ഒരുഞൊടിപോലുംരാത്രിയിലേക്ക്‌ പിന്‍വാങ്ങാതെ
ഒരുനുള്ളുസൂര്യനെയുംകൊണ്ട്‌
പെണ്ണുകുട്ടിയ്‌ക്കൊപ്പം
വീടുവരെ കൂടെവന്നു.

രാത്രിയുറങ്ങിവീണിട്ടും കുറുമ്പി അഴിച്ചുവച്ചില്ലവേഷം.

ഉറക്കത്തിലിടയ്‌ക്ക്‌
അവളില്‍ കെട്ടിക്കിടക്കും അമ്മ
പതിയെ വിരല്‍കൊണ്ട്‌ കൊട്ടി
ഉടുപ്പില്‍ നിറങ്ങള്‍വരച്ചിട്ടൊരു
ചെറുതകരച്ചെണ്ടയില്‍
കൂടെ മൂളിയൊരുനാടന്‍പാട്ടും.

പുറത്തിരുട്ടു-
കൈവിട്ടുപോയ സൂര്യനെനോക്കി
കിഴക്കോട്ടുനടന്നുതുടങ്ങി.