Kalesh. S
നാളുകള്‍ക്കുശേഷം പുറത്തിറങ്ങേണ്ട
കാഴ്‌ചയേ
ചതുരത്തില്‍ പണിഞ്ഞുകൊണ്ടിരുന്നു
ക്യാമറ.
കാമുകിയുടെ കല്യാണരംഗത്തോടെ
ഞാന്‍ പുറത്തായി.
അത്രനാളും
ചന്തത്തില്‍ ഞാനണിഞ്ഞുനടന്ന
ഉടുപ്പവള്‍ അഴിച്ചുവാങ്ങി.
കാര്യമാത്രറോളുകളൊന്നും
ഇനിയെനിക്കിവിടെ ശേഷിക്കുന്നില്ല.....

നാളുകള്‍ക്കു ശേഷം പുറത്തിറങ്ങുന്ന
ഈ കാഴ്‌ചയെ ഇരുട്ടിലിരുന്നു കാണുന്നവര്‍
ഒരു പാട്ടിനോ...
ഒരു പ്രണയരംഗത്തിനോ...
ആഗ്രഹിക്കുമെന്ന്‌ അറിഞ്ഞിട്ടാകും
മരങ്ങള്‍ക്കിടയിലൂടെ,
പാറകള്‍ക്കിടയിലൂടെ,
ക്യാമറ
അവരെയും കൊണ്ടുകയറിപ്പോയത്‌.

മരങ്ങളെ ചുറ്റിവരും കാറ്റുകണ്ടു
പണ്ടുഞങ്ങളിരുന്ന
പാറയെ ചുറ്റിവരും ചിത്രീകരണം.
ഇടയ്‌ക്ക്‌,
ക്യാമറ ഒന്നുകണ്ണടക്കയേ വേണ്ടൂ
അവന്റെ ചുണ്ടവളുടെചുണ്ടത്തൊരു മഞ്ചാടിച്ചുവപ്പേകാന്‍.

അപ്പോള്‍
അവളുടെ പാറപോലത്തെ മനസ്സില്‍
ഒറ്റ നിമിഷം കൊണ്ടവള്‍ പണിതീര്‍ത്തെടുക്കുവാനിടയുണ്ടോ
വഴുകുന്നൊരോര്‍മയുടെ ഒറ്റഫ്രയിം.

ഞാനിതൊക്കെ ഓര്‍ത്ത്‌
തലകുനിച്ച്‌,
സങ്കടത്തില്‍കുതിര്‍ന്ന്‌,
വീട്ടിലേക്ക്‌ പോകുകയാണ്‌..

വഴിയരികിലെ വെള്ളത്തിന്റെ കണ്ണാടിയില്‍
സൂര്യന്‍
എന്നെക്കുറിച്ചു എഴുതുന്നൊരു കവിതയുണ്ടല്ലോ
അതുമതി ഇനി കൂട്ടിന്‌.