Raj Neettiyath
ഒരു തുടം
പൊന്നു വച്ചതാണു്
പൂച്ച കട്ടുകുടിച്ചു

പൊന്നുരുക്കിന്നടത്തെ
പൊന്നു പൂച്ചേ
കണ്ണടച്ചു കുടിച്ചതുകൊണ്ടോ
പൊന്നിന്റെ മീശ കെട്ടിച്ചതു്?

ഞങ്ങടെ നാട്ടിലെ പൂച്ചകള്‍
പല്ലില്‍ പൊന്നു കെട്ടിക്കും
കണ്ണടച്ചു്
എത്ര കുഞ്ഞുങ്ങളുടെ
അമ്മിഞ്ഞപ്പാല്‍
കട്ടു കുടിക്കുന്നതാണെന്നോ!

ചിരിക്കുമ്പോള്‍
തങ്കക്കുടമേ...
എന്നു കൊഞ്ചിക്കാന്‍ തോന്നും

ചിരിക്കെടാ കള്ളപ്പൂച്ചേ
ഇക്കിളിപ്പെടുത്തട്ടെ
കുടിച്ച പൊന്നൊക്കെ
തേട്ടിക്കളയ്
കള്ളനെന്ന കള്ളപ്പേരിന്റെ
കുസൃതിയില്‍
കുമ്പ നിറഞ്ഞു കിടന്നുറങ്ങു്

ഉറങ്ങിക്കഴിയുമ്പോള്‍
ഞങ്ങള്‍ പറയും
പാ‍വം പൂച്ച,
കുടിച്ച പൊന്നൊക്കെ
തേട്ടിപ്പോയതു കണ്ടോ
വയറൊട്ടിയതു കണ്ടോ

പൂച്ചേ
നീ റ്റോമും
ഞങ്ങള്‍ ജെറിയുമാണു്
നീ ഒന്നെണീറ്റു്
വാലില്‍ കറക്കിയൊന്നു തട്ടു്
നിന്നെ ലാളിക്കുന്ന
സ്വപ്നം കണ്ടു മടുത്തു