Jayashree
ഒന്നാം മരണം വന്നതു
ഓര്‍ക്കാപ്പുറത്തായിരുന്നു
മടങ്ങുമ്പോള്‍
ആളും ആത്മാവും
കൂടെപ്പോയി

രണ്ടാം മരണം വന്നതു
പേടിച്ചു പേടിച്ചി-
രിയ്ക്കുമ്പോഴായിരുന്നു
ആത്മാവിരിയ്ക്കെത്തന്നെ
ആളെമാത്രം കൂട്ടി
കാണാമറയത്തേയ്ക്ക്
കൊണ്ടുപോയി

(ഇതില്‍ക്കൂടുതലിനിയെന്തെന്ന്
ആശ്വസിയ്ക്കുമ്പോള്‍)
മുന്നാം മരണം വന്നതു
പരിഹാസച്ചിരിയുമായായിരുന്നു
കയ്യെത്തും ദൂരത്താ-
ളിരിയ്ക്കെത്തന്നെ,
ഓര്‍മ്മയുടെ
പിടിവള്ളിമുറിഞ്ഞ്
ഇരുട്ടിലാണ്ടുപോകുമാത്മാവു
എത്തിത്തൊടാനാകാതെയായി.

നാലാം മരണം വന്നതു
ഒരുപിടി മൂടല്‍മഞ്ഞ്
ജപിച്ചെറിഞ്ഞുകൊണ്ടാ‍യിരുന്നു
സ്മൃതിയില്‍ ചെന്നതുവീണു
മനസ്സ് മങ്ങിയൊരാള്‍
ആളും ആത്മാവുമിരിയ്ക്കെത്തന്നെ
ആകേമാറിപ്പോയി!

അഞ്ചാം മരണ-
മിറങ്ങിക്കാണും..
വരുമ്പോള്‍
പറയാം
ഈയാള്‍
ഇവിടെയുണ്ടെങ്കില്‍.

..........................................
നാലാം മരണം വളരെ അപൂര്‍വ്വവുമായ ഒരനുഭവമായതുകൊണ്ട് ഒരടിക്കുറിപ്പ് വേണമെന്നു തോന്നുന്നു. മരണത്തിന്റെ വാ‍തില്‍ വരെപ്പോയി തിരിയെവന്നൊരു പ്രിയവ്യക്തിയുടെ സ്വഭാവത്തിന്റെ ആകെത്തുകയില്‍നിന്നു, ഒരുജീവിതത്തില്‍ ആര്‍ജ്ജിച്ചെടുത്ത അനുഭവജ്ഞാനം മുഴുവന്‍ തുടച്ചുനീക്കപ്പെടുകയും, ജന്മസിദ്ധമായ പ്രകൃതം മാത്രം ബാക്കിയാകുകയും ചെയ്യുമ്പോള്‍, അതൊരു മരണസമാനമായ നഷ്ടം തന്നെയാകും.