Devadevan
ഈ ഭയങ്കരമായ ലോകത്തില്‍നിന്ന്‌ രക്ഷപ്പെട്ട
താനെത്ര യോഗമുള്ളവള്‍ എന്ന്‌
തന്റെ ഭര്‍ത്താവിനെപ്പറ്റി ചിന്തിക്കുമ്പോഴൊക്കെ
നിനയ്‌ക്കാറുണ്ടവള്‍.
ഇന്ന്‌ അവള്‍ കത്തിയെരിഞ്ഞുതുടങ്ങി,
മകള്‍ക്കൊരു വരന്‍ തേടുന്ന കാലം വന്നപ്പോള്‍.
അയ്യോ, മനുഷ്യര്‍ എത്ര നീചരാണ്‌
എല്ലാം കണ്ടുകൊണ്ടല്ലേ ഇരിക്കുന്നത്‌.

(വിഷമിക്കരുത്‌ പത്മാ
നീ കരുതുന്നതുപോലുള്ള പയ്യന്‍തന്നെ
നിന്റെ കുട്ടിക്കു കിട്ടും, നോക്കിക്കോ)

തന്റെ കുഞ്ഞിന്റെ ഭര്‍ത്താവ്‌
കുടിയനായിരിക്കരുത്‌
കുട്ടിയെ പൂപോലെ വെച്ചു
നോക്കുന്നവനായിരിക്കണം
ഒന്നാമത്തെ കാര്യം, അവനൊരു
വ്യാജനായിരിക്കാന്‍ പാടില്ല.
തന്റെ കുടുംബത്തിലോ തൊഴിലിലോ
അവന്‍ അടിമയായിരിക്കാന്‍ പാടില്ല.
കൈനിറയെ സമ്പാദിക്കുന്നവന്‍മാത്രമായാല്‍പ്പോരാ
സുന്ദരനായാലും പോരാ...
(എന്റെ കുട്ടിയ്‌ക്ക്‌ എന്താണൊരു കുറവ്‌?)

നില്‌പുറയ്‌ക്കാതെ
ഭര്‍ത്താവിന്റെ വായനാമുറിയില്‍ കയറിയവള്‍
ഒന്നും പറയാനാവാതെ മടങ്ങി.
എങ്ങനെയായാലും തന്റെ കുട്ടിക്ക്‌
ഒരു നല്ല പയ്യനെ വേണം
പിന്നെ ഈ ലോകത്തെപ്പറ്റി
അവള്‍ക്കെന്തു കാര്യം?

..................................................................................
തമിഴില്‍നിന്ന്‌ മൊഴിമാറ്റം: