Rafeek Ahammed
1.
ഏറ്റവും വ്യാകുലമായ ആഹാരം
ബുള്‍സ്‌ ഐ ആകുന്നു.
പൂര്‍ത്തിയാകാതെപോയ
ഒരു ജന്മത്തിന്റെ വിശപ്പ്‌
ഒരു ഒറ്റക്കണ്ണായി
നമ്മുടെ കൊതികള്‍ക്കുനേരെ
തുറിച്ചുനോക്കുംവിധം.
2.
ഇന്ന്‌ പ്രാതലിന്‌
പതിനേഴു മരണം
മൂന്നു കൊലപാതകം
ആറ്‌ ആത്മഹത്യ.
പത്രമില്ലായിരുന്നെങ്കില്‍
ദൈവമേ
ഒരു പട്ടിണിമരണം!
3.
ഇത്തിരി സഞ്ചാരസാഹിത്യം
എഴുതാനുറച്ചു.
ഒരു യാത്ര പുറപ്പെട്ടു.
പലയിടങ്ങളില്‍ കറങ്ങി
ഇപ്പോള്‍ സംശയമാണ്‌
പുറപ്പെട്ട ഞാനോ
തിരിച്ചുവന്ന ഞാനോ
യാത്രയിലെ ഞാനോ
ആരാണ്‌ എഴുതേണ്ടതെന്ന്‌.
4.
മരിച്ചുകഴിഞ്ഞാല്‍ എന്നെ
റീത്തുകള്‍ക്കു മുകളില്‍
കിടത്തേണമേ..
റീത്താവാന്‍ മരിച്ചുപോയ
പൂക്കള്‍ക്ക്‌ ഒരു റീത്തായി.
5.
ഒരു പൂവ്‌ ചെടിയില്‍ നില്‍ക്കുമ്പോള്‍
മനസ്സിലതൊരു പൂക്കളം തീര്‍ക്കുന്നു.
അതു പറിച്ച്‌ പൂക്കളമുണ്ടാക്കുമ്പോള്‍
ഒരു പൂക്കളവ്‌ ഉണ്ടാകുന്നു.
6.
തിമിലയില്‍ ചെണ്ടയില്‍ മദ്ദളത്തില്‍
മൃഗചര്‍മ്മരോദനമറിയുംവരെ
ചെറുതായിരുന്നില്ല ഉത്സവങ്ങള്‍.
7.
ആത്മഹത്യയോ കൊലപാതകമോ
എന്നു വ്യക്തമല്ല.
പാടുകളൊന്നും ഉണ്ടായിരുന്നില്ല
കടപ്പാടല്ലാതെ.