Chitra K P
ഒരു ജാഥ
കാവിയുടുത്ത്‌ കടന്നു പോയി,
കൃത്യമായ അകലത്തില്‍
കൈകള്‍ വീശി..
അകമ്പടി വന്ന
മതേതര പോലീസ്‌
മിശിഹായും പടച്ചോനും ചേര്‍ന്ന്‌
ഭാരതാംബയെ
കുത്തിക്കൊല്ലുന്നത്‌ കണ്ട്‌
മിഴിച്ച്‌ നിന്നു.
മൈതാനിപ്പച്ചയെ കവര്‍ന്ന്
കാവിവിരിപ്പ്‌ പടര്‍ന്നു.
ഇലകള്‍ മഞ്ഞ
പൂക്കള്‍ പച്ച
പ്രഭാഷണങ്ങള്‍ കൊഴുത്തു.
ഓടി വരുന്ന കള്ളനെ പിടിക്കാന്‍
ചര്‍ച്ചകള്‍ കനച്ചു.
മടുത്തപ്പോള്‍
പടച്ചോനും മിശിഹായും
ഭാരതാംബയും കൂടെ
അടുത്തുള്ള തീയറ്ററില്‍
രായമാണിക്യം കണ്ട്‌,
ആവോളം ചിരിച്ച്‌,
കടലയും കൊറിച്ച്‌
മടങ്ങുമ്പോഴുണ്ട്‌
കാവിപ്പട മുന്നില്‍.
പടച്ചോനേ!
മിശിഹായേ!
ഭാരതാംബ വിളിച്ചു,
"യെവരു പുലിയാണു കേട്ടാ!"