Chitra K P
നീയുരുകിയിറങ്ങിയ
വഴികളില്‍, കവികള്‍
ഒടുവിലത്തെ
ഉറക്കം വരേയ്ക്കും
ഉറക്കമില്ലാത്തവര്‍.
കുട്ടികള്‍, മാമുണ്ണാനും
മുയലിനെ കാണാനും
മേലോട്ടു നോക്കുന്നവര്‍
വേശ്യകള്‍, ഇരുളില്‍
പകര്‍ന്ന സുഖത്തിന്റെ
കണക്കുകള്‍, നിഴലുകള്‍ക്കപ്പുറം
തിട്ടപ്പെടുത്തുന്നവര്‍.
തെണ്ടികള്‍, മരം കോച്ചുന്ന
തണുപ്പിലും നിലാവ്‌
നെയ്ത കമ്പിളി
പങ്ക്‌ വയ്ക്കുന്നവര്‍.
പ്രണയികള്‍, എങ്ങോ
മയങ്ങുന്ന
കാട്ടുതീയൊളിപ്പിച്ച കണ്ണുകള്‍ക്ക്‌
മീതെ, നിലാപ്പെയ്ത്തിനൊപ്പം
കാവല്‍ നില്‍ക്കുന്നവര്‍.
സഞ്ചാരികള്‍, അപൂര്‍ണ്ണമായ
നിലാശില്‍പങ്ങള്‍ പോലെ
തുടക്കവും ഒടുക്കവും
ഇല്ലാത്തവര്‍.
എല്ലാമെല്ലാം ചേര്‍ന്ന
ഞങ്ങള്‍, കാലങ്ങള്‍ക്കിപ്പുറം
ദേശന്തരങ്ങള്‍ക്കപ്പുറം
നീ ഭിക്ഷയായി തന്ന
വെളിച്ചത്തുട്ടുകള്‍ക്കു
പകരം തരാനീ
പ്രണയമല്ലാതെയൊന്നും
സ്വന്തമായില്ലാത്തവര്‍..