Mohanarangan
സ്‌നേഹമെന്ന പിടിയില്‍*
കിട്ടിയ മലയാണത്‌.
എത്ര വലുതാണോ
അത്രയ്‌ക്കു ഭാരമില്ല
എന്നാലും
അല്‌പം വൈകാനോ
ഒപ്പം കൊണ്ടുപോകാനോ
കഴിയാത്ത
യാത്രക്കാരനായ ഞാന്‍
ഇറക്കിവെച്ചിട്ടു പോകുന്നു
ഭദ്രമായി അതിനെ
വഴിവക്കില്‍
ദിക്കുകള്‍ തോറും ഓടി-
പ്പിരിഞ്ഞ പാതകള്‍
ഇരുണ്ടതിനുശേഷം
എന്റെ പരാതികളേയും
പ്രാര്‍ത്ഥനകളേയും
കാലത്തിന്റെ ബലിമുറ്റത്ത്‌
കിടത്തിയിട്ട്‌
വെറുംകൈയ്യോടെ
ഞാന്‍ മടങ്ങുമ്പോള്‍
അഭയം നല്‍കും
അനക്കമില്ലാത്ത ആ മലയുടെ
അടിവയറ്റിലെ ഗുഹയിലുള്ള
തണല്‍.

*അന്‍പെനും പിടിയില്‍
അകപ്പെടും മലൈയേ! - വള്ളലാര്‍ സ്വാമിയുടെ വരി.

..................................................................................
തമിഴില്‍നിന്ന്‌ മൊഴിമാറ്റം: ജയമോഹന്‍‍‍