Makuteswaran
വിടര്‍ന്നു വാടി
ഞെട്ടില്‍നിന്നു പൊഴിയുന്ന
പറിക്കാത്ത മുല്ല

കഴുകിനിറയ്‌ക്കാത്ത
കലം
ചിതറിക്കിടക്കുന്ന
കാസെറ്റുകള്‍

കമിഴ്‌ന്ന്‌
വട്ടമടിച്ച്‌ ഉരുണ്ട്‌
കിടക്കുന്ന അടുക്കളപ്പാത്രം

ആരും ലാളിക്കാതെ
അലയുന്ന പൂച്ചക്കുട്ടി

വൈകിയോടുന്ന
ഘടികാരം
തേടിയും കിട്ടാത്ത താക്കോല്‍
മൂടിവെക്കാതെ ഉണങ്ങുന്ന
പശക്കുപ്പി

ഉറക്കമുണര്‍ന്ന്‌
തേടുന്ന കൈയ്യില്‍പ്പെടുന്ന
ശൂന്യത

അവള്‍ ഇല്ലാത്ത മുറി.