Makuteswaran
വറ്റിയ ദേഹത്തില്‍
കഴുകാത്ത
നൂറ്റാണ്ടുകളുടെ അഴുക്ക്‌

സമൂഹവൃക്ഷത്തില്‍ കനിഞ്ഞ
ഒരു മുള്ളുപഴംപോലും
തിന്നിട്ടില്ലാത്ത വെറ്റിലവായ

ഇടുങ്ങിയ കണ്ണുകളുടെ ആഴത്തില്‍
നഷ്ടങ്ങളുടെ ഛായ
നിറഞ്ഞ കറുപ്പ്‌

ഇടതുവശത്തെ ഇടുപ്പില്‍ പുതിയ കുട്ടി
വലതുവശത്തെ ഇടുപ്പില്‍ കുട്ട.

നരിക്കുറത്തി വരുന്നു.

`കണ്ണാടിയേ ചീപ്പേ
പിന്നു സൂചേ പേന്‍ചീപ്പേ
ഏര്‍പ്പിന്നേ ചാന്തുപൊട്ടേ
കുപ്പിവളേ പാശിമണേയ്‌
കണ്ണാടിയേ....`

തെരുവിന്നു പുതിയവളെ
രണ്ടര്‍ത്ഥത്തില്‍
ചുറ്റിവന്നു കുരയ്‌ക്കുന്നു നായ്‌ക്കള്‍
അവയെ പ്രീണിപ്പിച്ച്‌
അവള്‍ നടക്കുന്നു.

ഒന്നും വില്‍ക്കാനാവാത്ത വെപ്രാളത്തോടെ
മരിക്കുന്നതിന്നു തൊട്ടുമുമ്പത്തെ
ദീനസ്വരത്തില്‍
അല്‌പം പഴങ്കഞ്ഞിയോ
പിഞ്ഞിയ തുണിയോ
ഇരന്നുനില്‍ക്കുന്നു നമ്മോട്‌
'സാമേ
ചോറു തന്നേ സാമേ.'

കൊള്ളാം
ഒരുപാടു കാലമായി
അവളില്‍നിന്ന്‌ നാം തട്ടിയെടുത്തവ
അവളോട്‌ ഒരിക്കലും പങ്കിടാത്തവ
ഒന്നും അവള്‍ ചോദിച്ചില്ല

ഏതോ
ഓര്‍മ്മത്തെറ്റുകൊണ്ട്‌
പഴയതും
പിഞ്ഞിയതുമാണ്‌
ചോദിക്കുന്നത്‌.

കൊടുത്തയക്കാം.