Va. Manikandan
കലാമന്ദിര്‍ പരസ്യത്തട്ടിയില്‍
പുറംകാട്ടി കിടക്കുകയായിരുന്നു
വിനൈല്‍ പെണ്‍കുട്ടി
ഇടുപ്പില്‍ ഒരു ചെറിയ
മടക്കുണ്ടായിരുന്നു.

മടക്കില്‍ ഊര്‍ന്നുപോയ
വിളക്കുവെട്ടത്തിന്റെ
ഇരുട്ട്‌ ഉറുമ്പിനെ
കൈനീട്ടി തൊടാന്‍ ശ്രമിച്ചു.

നാണം തോന്നി.

താങ്ങിനിന്ന
കമ്പിയിലൂടെ പറഞ്ഞു
ചൂടുള്ള നിലത്തെപ്പറ്റി
പറയുമ്പോള്‍
നിന്റെ വിരലുകള്‍ക്കു നടുക്കുള്ള
പ്രദേശത്തെ
തീര്‍ച്ചയായും ഓര്‍്‌ക്കും എന്ന്‌

ഒന്നു ചിരിച്ച്‌
പിന്നെയും തിരിഞ്ഞുകിടന്നു അവള്‍

ഒന്നു കുഴങ്ങി
പെട്ടെന്നു മാറിപ്പോയി
മൂത്രിച്ചുകൊണ്ടിരുന്ന ഒരാള്‍.