Yuvan. M
ഓരോ മഴയിലും
എന്റെ വീട്ടുവാതുക്കല്‍
തളംകെട്ടുന്ന വെള്ളത്തിന്റെ മീതെ
കാറ്റ്‌ വളയങ്ങളുണ്ടാക്കും
നിലാവു പൊങ്ങിക്കിടക്കും
ഇണയും തുണയുമില്ലാതെ
ഒറ്റയ്‌ക്ക്‌ അലയുന്ന ഒരു പട്ടി
നിലാവു നക്കിത്തിന്ന്‌ വിശപ്പടക്കും
പകല്‍നേരത്ത്‌
ശുദ്ധക്കാരനായ ബ്രാഹ്മണക്കാക്ക
കൊക്കു വെള്ളത്തില്‍ മുക്കി
ചിറകുകള്‍ വിടര്‍ത്തി കുളിക്കും.

നോക്കിക്കൊണ്ടിരിക്കെ
തളംകെട്ടുകയും
കാണാതെ വറ്റുകയും ചെയ്യുന്ന
വെള്ളത്തിന്റെ വരവിലും പോക്കിലും
സൂക്ഷ്‌്‌മമായ എന്തോ ഒന്നിനെ തേടി
ഞാന്‍ മടുക്കും.

ഇന്ന്‌
ഒറ്റയ്‌ക്ക്‌്‌
ഇരുട്ടിനേയും സിഗരറ്റിനേയും
പുകച്ചുകൊണ്ടിരുന്നപ്പോള്‍
ഒരു യവനക്കപ്പല്‍ ഒഴുകിപ്പോകുന്നതു കണ്ടു
എന്നെപ്പോലിരുന്ന നാവികന്‍
തന്റെ ദിവസത്തെ ലക്ഷ്യമാക്കി
കപ്പലിനെ നീക്കിക്കൊണ്ടുപോയി
പൊങ്ങിക്കിടക്കുന്ന നിലാവിനെ
നോക്കിക്കൊണ്ട്‌.
..................................................
മൊഴിമാറ്റം: ജയമോഹന്‍