Yuvan. M
പള്ളിക്കൂടം വിട്ടുവന്ന കുട്ടികളുടെ
ബഹളത്തില്‍
കൈയാലയിലെ ചെടികള്‍
ഉത്സാഹത്തോടെ തലയാട്ടി
പങ്കെടുക്കുന്നു.
ചൂടുകുറഞ്ഞ്‌,
വെട്ടം ചുവന്ന പകല്‍
ഇനിയും പേരിട്ടിട്ടില്ലാത്ത സമയമായി
ഉരുണ്ടുകൂടുന്നു
അതിന്റെ മുന്‍മുറിയില്‍
കൂടണയും പക്ഷികളും
വീടണയും മനുഷ്യരും
നിറയുന്നു.

അതാ
വെപ്രാളത്തോടെ ചിറകടിച്ച്‌
അലയുന്നു ഒരു ചിത്രശലഭം
തൊഴില്‍ നിമിത്തം
പകല്‍മുഴുവന്‍ തിടുക്കപ്പെട്ട്‌,
ഇരിക്കാതെ അലഞ്ഞ നേരത്ത്‌,
അശ്രദ്ധയാല്‍
ചിറകിന്റെ വര്‍ണ്ണം വല്ലതും
കളഞ്ഞുപോയോ എന്തോ.

ഓരോ പൂവിന്റെ മീതെയും
ഓരോ ക്ഷണത്തിന്റെ മീതെയും
തിടുക്കത്തോടെ ഇരുന്നിരുന്ന്‌
എണീറ്റു പറക്കുന്നു
എന്റെ മനസ്സിന്റെ നിലത്തും
ഒരിയ്‌ക്കല്‍ വന്ന്‌
തേടിയിട്ടു പോകുന്നു.
.................................................
മൊഴിമാറ്റം: ജയമോഹന്‍.