Yuvan. M
ആദ്യം
ബോംബുപൊട്ടിയ
നിലയത്തെ കാട്ടി
തകരപ്പാട്ടയായ്‌ ശേഷിച്ച
തീവണ്ടിപ്പെട്ടിക്കു ചുറ്റും
ചുവന്ന നിറം പുരണ്ട
വെളുത്ത പൈജാമകള്‍
വെളുത്ത മുണ്ടിട്ടുമൂടിയ ജഡങ്ങള്‍
നിലവിളി കലര്‍ന്ന ഒച്ചകള്‍
തിളങ്ങുന്ന വിളക്കുകള്‍
മൈക്കുതണ്ടുകളുടെ മുന്നില്‍
ഒന്നുരണ്ടു സെക്കന്റില്‍
ധൈര്യം പകര്‍ന്നുപോയ
പോലീസ്‌ മേധാവി.

വീണ്ടും അറിയിപ്പുകാരി പ്രത്യക്ഷമായി
നടന്ന ദുഃഖത്തിന്റെ
തടംപോലുമില്ലാത്ത പുഞ്ചിരിയില്‍
ചുണ്ടിലെ ചായത്തിന്റെ തിളക്കം
ദീപാവലിക്കു പടക്കത്തിന്റെ വില്‌പന
കൂടിയിട്ടുണ്ടെന്നു പറഞ്ഞു അവള്‍.

കാലാവസ്ഥാ അറിയിപ്പില്‍
ഇടിയോടെ മഴപെയ്യും
എന്നു മുന്നറിയിച്ചു.

ഒടുവില്‍
കന്നുകുട്ടിയുടെ പൊക്കമുള്ള
ഒരാനക്കുട്ടിയെ കാട്ടി.
കാട്ടില്‍നിന്നു പുറത്തുവന്ന്‌
ഒറ്റയ്‌ക്ക്‌ അലയുകയായിരുന്നുവത്രെ
ചുറ്റും കാവല്‍ക്കാര്‍ നടന്നു.
തലയാട്ടിക്കൊണ്ട്‌
ചൊടിയോടെ നടന്നുവന്നു.

അടുത്ത ക്ഷണത്തില്‍
ഞാന്‍ ആനക്കുട്ടിയായ്‌ത്തീര്‍ന്നു
കൂട്ടംതെറ്റിവന്ന ആഹ്ലാദം
തുളുമ്പിയതു താങ്ങാനാവാതെ
തലയാട്ടിക്കൊണ്ടേയിരുന്നു.
............................................................
മൊഴിമാറ്റം: ജയമോഹന്