Siddiha. P.S
തോക്കുകള്‍ എവിടെയെന്ന്‌
ആര്‍ക്കുമറിയില്ല

ചിലപ്പോഴുടുത്തൊരുങ്ങി
ചന്തയില്‍പോകും
പര്‍ദ്ദയിട്ട്‌
പള്ളി യില്‍ വരും

ചിലപ്പോള്‍ ഭ്രാന്തനെപ്പോലെ
നമുക്കിടയിലൂടെ

ചുംബിക്കുന്ന ചുണ്ടുകള്‍ക്കിടയിലൂടെ
മുലയ്‌ക്കും ചോരിവായ്‌ക്കും
നടുവിലൂടെ

തോക്കുകള്‍
ഇപ്പോള്‍
എവിടെയും വെടി വെയ്‌ക്കും

അവന്റെ പട്ടി
നിന്റെ വീട്ടില്‍ കയറിയാല്‍

അയല്‍ക്കാരന്റെ നെഞ്ചില്‍
കെട്ടിയ പെണ്ണ്‌
കാമുകന്റെ കൂടെപ്പോയാല്‍
അവളുടെ നെറ്റിയിലും

അതെല്ലാം തീര്‍ന്നാല്‍
തോക്കില്‍ക്കേറിയും
തോക്ക്‌ വെടി വെക്കും

ഇന്നലെ ,ഉണ്ട നിറച്ച തോക്ക്‌
ഉണ്ട തീര്‍ന്ന തോക്കിനെ
തൂക്കിലിട്ട പോലെ*
..............................................
* സദ്ദമിന്റെ മരണം