Santhosh Alex
ഒരിയ്ക്കല്‍
കാറ്റും പുഴയും വയലും
നിരാഹാരമിരുന്നു.
ഉദയസൂര്യന്‍ നിരാഹാരം
ഉദ്ഘാടനം ചെയ്തു.
ചാറ്റല്‍മഴ
ആശംസയര്‍പ്പിച്ചു.

കാറ്റു പറഞ്ഞു:
എനിക്കു പഴയതുപോലെ
സഞ്ചരിക്കാനാവുന്നില്ല.
പുഴ പറഞ്ഞു:
എനിയ്ക്കു ഒഴുകി
സമുദ്രത്തില്‍ ചേരണമെന്നുണ്ട്.
വയലു പറഞ്ഞു:
എന്റെ അതിര്‍ത്തി
കുറഞ്ഞു പോകുന്നു.

സന്ധ്യയ്ക്ക്
അമ്പിളിയില്‍നിന്ന്
ഇളനീര്‍ കുടിച്ച്
മൂവരും
നിരാഹാരം അവസാനിപ്പിച്ചു.

നേരം പുലര്‍ന്നു
മൂവരെയും
ശവമഞ്ചലില്‍
ഏറ്റിക്കൊണ്ടുപോകുന്നു
ഉദയസൂര്യനും
ചാറ്റല്‍മഴയും
അമ്പിളിയും ചേര്‍ന്ന്.