Vinod. T.P
ഇതുവരെ കേട്ടിട്ടില്ലാത്ത
ഒരു പേര്
കേള്‍ക്കുന്നുവെന്ന് കരുതുക.

ഏതു ഭാഷയിലേതെന്നും
എന്താവുമര്‍ത്ഥമെന്നും
പേരുതന്നെയോ എന്നും
പിടിതരുന്നില്ലെന്ന് വിചാരിക്കുക.

ആളുകളുടേതാവുമോ
സ്ഥലങ്ങളുടേതാവുമോ
സങ്കല്പങ്ങളുടേതാവുമോ
എന്നിങ്ങനെ അതിനോട്
ഊഹങ്ങള്‍ പെരുക്കുക.

ഇപ്പോള്‍ മനസ്സിലുള്ളതിനോട്
അങ്ങനെയാവാന്‍ വഴിയില്ലെന്ന്
കൂട്ടിയ ശേഷം
ഇങ്ങനെയുമാവാമല്ലോ എന്ന്
കുറച്ചുകളയുക.

ഇപ്പോള്‍ ബാക്കിയാവുന്നത്ര
ആശയക്കുഴപ്പം
ഒരു നേര്‍ച്ച വീട്ടലാണ്,

നമ്മളൊരുമിച്ച്
തീര്‍ത്തോളുമെന്ന്
ദുരൂഹതയോട് പണ്ടെന്നോ
വ്യക്തത നേര്‍ന്നത്..