Sarju
ഒരു വാക്കുതെറ്റി
പത്രത്തലക്കെട്ടുകള്‍
മറ്റൊന്നായി വായിക്കുന്ന കുഴപ്പം
ഇപ്പൊള്‍ ടെലിവിഷന്‍ കാണുമ്പൊഴുമുണ്ട്.

മനോരമ വാര്‍ത്തകളുടെ തത്സമയത്തില്‍
മുതലക്കുളം മൈതാ‍നത്ത്
മൈക്കിനുമുന്നില്‍ നിന്നത്
പാ‍ണക്കാട്ടെ ശിഹാബ്തങ്ങള്‍

സമീപദൃശ്യത്തില്‍
ആമീന്‍പിടിക്കുന്ന കൈകള്‍
എം. ഐ. ഷാനവാ‍സിന്റെ മുഖം
ബനാത്ത് വാ‍ലയ്ക്കാ‍യുള്ള ദുഅ
എന്നു കരുതിയത് തെറ്റി.

തങ്ങള്‍ പറയുന്നതിനിടയ്ക്ക്
മുഴങ്ങിക്കൊണ്ടിരുന്ന തക്ബീര്‍
വിദൂരരാജ്യത്തൊഴുകിക്കൊണ്ടിരുന്ന
എന്റെ രക്തത്തെയും ചൂടുപിടിപ്പിച്ചു

മുസ്ലിം കുടുംബത്തില്‍ പിറന്നതിനാലാവണം
രോമങ്ങള്‍ എഴുന്നേറ്റുനിന്നു
പക്ഷേ നാട്ടിയ കൊടിക്കമ്പുകളാ‍യ്
എത്രനേരമവ നിവര്‍ന്നുനില്‍ക്കും

ഇരിപ്പിന്റെ ചടവും
ഊച്ചിന്റെ വാ‍ടയും മാറാന്‍
കുട്ടികളെ എഴുന്നേല്‍പ്പിച്ചിരുത്തും ഞൊടിയില്‍
അവ ചാ‍യ്ഞ്ഞു

എങ്കിലും പൊതുസ്ഥലത്ത്
ആ‍ളെക്കൂട്ടി ഇങ്ങനെ വികാരംകൊള്ളിക്കുന്നത്
മനോരമ ന്യൂസില്‍ കാണാ‍നൊരു ഹരം തന്നെ

നാ‍ട്ടിലുള്ള അന്‍വര്‍ അലി
റഫീക്ക് അഹമ്മദ്
വീരാ‍ന്‍കുട്ടി
നാസിമുദ്ദീന്‍
മുഹമ്മദ് കവിരാ‍ജ് മുതല്‍ പേര്‍
ഇത് കണ്ടിട്ടുണ്ടാവുമോ
അവരുടെ രോമത്തെയെങ്ങാനും
തൊട്ടിട്ടുണ്ടാ‍വുമോ

ഒരു പക്ഷേ ഇവര്‍
നാട്ടിലുണ്ടാവണ‍മെന്നില്ല
മനോരമ ന്യൂസ് തത്സമയം കാണണമെന്നില്ല
വേറേ പണിയുണ്ടാകും
വേറേ സമയമാകും
സൂക്ഷ്മതയുള്ള കലാകാരന്മാരാകയാല്‍
സാമൂഹിക പാ ങ്ങള്‍
കാവ്യപ്രചോദനമാ‍വണമെന്നുമില്ല

എന്നാലൊ
ഇരുപത്തൊമ്പതിഞ്ച് വലിപ്പത്തില്‍
ചെളിയും മുതലകളുമായി കണ്ട കുളം
പേക്കിനാവല്ല

എത്ര മൃദുവായി ഉച്ചരിക്കുന്നു
മൈനുകളായ്
മനസില്‍ കുഴിച്ചിടും വാക്കുകള്‍ .