Sindhu Menon
കുട്ടികള്‍ വരയ്ക്കുന്നു
കടലാസു നിറച്ചും
വീടുകള്‍.
അവരുടെ വീടുകള്‍ക്ക്
അകത്തേയ്ക്കും പുറത്തേയ്ക്കുമായി
ഒറ്റവാതില്‍.

കണ്ണുകള്‍ പോലുള്ള ജാലകങ്ങള്‍.
പിന്നാമ്പുറത്ത്,
ജ്വലിച്ചു നില്‍ക്കുന്നുണ്ടാവും
നട്ടുച്ചയും പ്രഭാതവും
തിരിച്ചറിയാത്തൊരു സൂര്യന്‍.

ഒട്ടും പിശുക്കാത്ത
കടും നീലയില്‍
ആകാശത്തിന്റെ ധാരാളിത്തം.
പറക്കാന്‍ ഭാവിക്കുന്ന
പക്ഷിയുടെ ചന്തം.

കുഞ്ഞുങ്ങള്‍ക്കുമാത്രം
കാണാന്‍ കഴിയുന്ന
നിഷ്കളങ്കതയില്‍
വിരിഞ്ഞു നില്ക്കുന്നുണ്ടാവും
മുറ്റത്ത് ഒരു പൂവ്.

നേര്‍വരയില്‍,
ഒരേയൊരു വഴി.
ചിരിയിലേക്കും
കരച്ചിലിലേക്കും
സ്വപ്നത്തിലേക്കും
യാഥാര്‍ത്ഥ്യത്തിലേക്കും!