Sindhu Menon
എന്റെ ഭാഷയെന്താണ്?
മരുഭൂമി ഒരിക്കല്‍ കാറ്റിനോടു ചോദിച്ചു.
കാറ്റ് വെറുതേ മണലില്‍
വരകള്‍ വരച്ചതല്ലാതെ
ഒന്നും പറഞ്ഞില്ല.

സൂര്യനോടും
മഴയോടും
മഞ്ഞിനോടും
മരുഭൂമി ഇതേ ചോദ്യംതന്നെ
ആവര്‍ത്തിച്ചുകൊണ്ടിരുന്നു.
നിറമില്ലാത്ത മണലിലൂടെ
ഉഴറിനടക്കുന്ന ഒട്ടകങ്ങളോടും.
മൂക്കും മുലയും ചെത്തിയ
ശൂര്‍പ്പണഖമാരെപ്പോലുള്ള
ഈന്തപ്പനകളോടും ചോദിച്ചു.

ഒടുവില്‍
കള്ളിച്ചെടിയാണ്
അതു പറഞ്ഞത്.
നിന്റെ ഭാഷ
എന്റെ ഉള്ളിലെ ജലമാണ്.
കരയിക്കാനും
ചിരിപ്പിക്കാനും കഴിവുള്ള
അലിവുള്ള മേഘങ്ങള്‍ക്കു വേണ്ടിയുള്ള
കാത്തിരിപ്പുകളാണെന്ന്.
.........................................................................
(സാന്റ്വിച്ച് എന്ന നോവലില്‍നിന്ന് ഒരു ഖണ്ഡം)