Hareesh Meenashru
അപഭ്രംശം സംഭവിച്ച ദൂരമായിരിക്കാം
ഈ നിബിഡ സ്പര്‍ശം

ആലിംഗനത്തിനായ് നീട്ടുന്ന കൈകള്‍
ആകാശത്തില്‍ അല്പംകൂടി
ആകാശത്തെ കൂട്ടിച്ചേര്‍ക്കുന്നു.

ശൂന്യമായ നമ്മുടെ ചുണ്ടുകളില്‍നിന്ന്
ചുംബനം
രമ്യാകൃതി ചമയ്ക്കുന്നു.

ശാന്തമായ പാതിര
ചന്ദ്രന്റേയോ നിലാവിന്റേയോ ചേഷ്ടകളാല്‍
അസ്വസ്ഥമാകുന്ന നേരത്ത്,
വിറയാര്‍ന്ന സ്വരത്തില്‍
നീ പ്രേമം പ്രകടിപ്പിക്കുന്നു;
ഞാനോ, വാക്കില്ലാതെയും.

ഇണചേരുമ്പോള്‍
ഏകാകികളാവുന്നു,
ഈ ചക്രവാകങ്ങള്‍.

............................................................................................
മൊഴിമാറ്റം: വി എം ഗിരിജ, അന്‍വര്‍ അലി, പി പി രാമചന്ദ്രന്‍