Harold Pinter
ഇതാ പോകുന്നു,
അമേരിക്കന്‍ ദൈവത്തെ വാഴ്ത്തിക്കൊണ്ട്‌
ആനന്ദഗീതം പാടിക്കൊണ്ട്‌
സായുധരായ യാങ്കികളുടെ പരേഡ്‌.

ഓടകള്‍ നിറഞ്ഞിരിക്കുന്നു
ചത്തവരെക്കൊണ്ട്‌
പങ്കുചേരാന്‍ കഴിയാത്തവരെക്കൊണ്ട്‌
പാടാന്‍ വിസമ്മതിച്ചവരെക്കൊണ്ട്‌
സ്വന്തം ശബ്ദം നഷ്ടപ്പെട്ടവരെക്കൊണ്ട്‌
ഈണം മറന്നവരെക്കൊണ്ട്‌.

ജേതാക്കള്‍ക്ക്‌ കൈവശം
തുണ്ടംമുറിക്കുന്ന ചാട്ടയുണ്ട്‌.
നിങ്ങളുടെ തല
മണ്ണിലുരുളും
ചെളിയില്‍ തളംകെട്ടും
പൊടിയില്‍ മൂടും
കണ്ണുകള്‍ പോകും
മൂക്ക്‌ ശവങ്ങളുടെ രൂക്ഷഗന്ധം
ശ്വസിക്കും.

മരവിച്ച അന്തരീക്ഷം
അമേരിക്കന്‍ ദൈവത്തിന്റെ ഗന്ധംകൊണ്ട്‌
സജീവമാകുന്നു.