Anilkumar. T.P
രതിനിര്‍‍വേദം കണ്ടതിന്‍‍ ശേഷം
നോട്ടവും ചിന്തയും
തയ്യല്‍‍ മെഷീനുകള്‍‍ക്കടിയില്‍‍
വെളിപ്പെട്ട
ചെറുരോമങ്ങളുള്ള കാലുകളിലേയ്ക്കായി
അതു കാണാന്‍‍ വേണ്ടി മാത്രം
മൈലാഞ്ചിപൂത്ത വേലികളുള്ള
ഇടവഴികളിലൂടെ
കമലേച്ചിയുടെ വീട്ടിലേയ്ക്ക്‌ നടന്നു
ഇടവഴിയിലെ കല്ലുകളില്‍‍
വിരലുകള്‍‍ തല്ലിപ്പൊട്ടി
മഴയുള്ള രാത്രികളില്‍‍
കാവിലെ കരിങ്കല്‍‍ സര്‍‍പ്പങ്ങള്‍‍
ഉറക്കത്തില്‍‍ വന്നു കൊത്തി

ആദ്യമായി ബീഡി വലിച്ചത്‌
കുളിക്കാതെ നടന്നത്‌
എം. മുകുന്ദനെ വായിച്ചിട്ടായിരുന്നു
എത്രയോ തവണ വീടുവിട്ടുപോയി
വൈകുന്നേരമാകുമ്പോള്‍‍
അമ്മയെക്കാണാതെ വയ്യെന്ന്
തിരിച്ചു നടന്നു
പൂച്ചപ്പഴം വിളഞ്ഞ കുറ്റിക്കാടുകളുടെ
മറവില്‍‍‍
ആരെങ്കിലും വരുന്നതും കാത്തിരുന്നു
സ്വപ്നങ്ങളില്‍‍ എപ്പോഴൊക്കെയോ
പൊട്ടിയ കുപ്പിവളകളാല്‍‍
കൈത്തണ്ട മുറിഞ്ഞു

ഒച്ചയാല്‍‍ മാറിമറിയുമെല്ലാമെന്ന്
എവിടെയോ തെറ്റി വായിച്ചു
പൊതുവഴികളിലൂടെ
തൊണ്ടപൊട്ടിച്ചു നടന്നു
എഴുതുന്നതെല്ലാം മുദ്രാവാക്യങ്ങളായി
ശബ്ദം കൂടുവിട്ടു പറന്നപ്പോള്‍‍
ഊമകള്‍‍ ഉണ്ടാകുന്നതെങ്ങനെയെന്ന്
മനസ്സിലായി

കൊടുംവെയിലില്‍‍
ദേരയില്‍‍നിന്ന് ബര്‍‍ദുബായിലേയ്ക്ക്‌
ചെറിയൊരു ബോട്ടില്‍‍ പോകുമ്പോള്‍‍
പാപ്പിലോണിന്റെ
ജയില്‍‍ ചാട്ടങ്ങളോര്‍‍മ്മ വരുന്നു
ചെറിയൊരു കനാലിനപ്പുറമിപ്പുറം
വന്‍‍കരകളാണെന്നുറപ്പിക്കുന്നു