Lathish Mohan
കറങ്ങിത്തിരിഞ്ഞു തിരിഞ്ഞ്‌
എന്റെ മുറിക്കുചുറ്റും

ഇതേവരെ തീപെരുക്കിയിട്ടില്ലാത്ത
വിശക്കുമ്പോള്‍ ഹോട്ടലുകളിലേക്ക്‌
നടന്നുപോകുന്ന
തിന്നതിന്റെ മണം മാഞ്ഞുപോയതിനു ശേഷം
ഉറങ്ങാനായി തിരികെയെത്തുന്ന
മുറിക്കുചുറ്റും

ഒരു പൂച്ച

വലിച്ചു തീരാറായ കുറേ സിഗരറ്റ്‌ കുറ്റികളല്ലാതെ
ഒന്നും കിട്ടാനില്ല എന്നറിഞ്ഞിട്ടും
പാ പുസ്തകത്തിലില്ലാത്ത ഏതോ ഭാഷയില്‍
സ്നേഹമെന്ന്‌ നമ്മള്‍ വിവര്‍ത്തനം
ചെയ്തെടുക്കുന്ന വാല്‍
താളത്തിലാട്ടിക്കൊണ്ട്‌

മിസ്കോളുകള്‍ പോലുമില്ലാത്ത
എന്റെ പോക്കുവരവുകളെ
അതിന്റെ പരിഗണന
അലസമലസം അലോസരപ്പെടുത്തുന്നു

നീ കാഴ്ചബംഗ്ലാവിലേക്ക്‌ പോകൂ
എനിക്ക്‌ മരുന്നുകഴിക്കാന്‍ സമയമായി
എന്ന്‌ ദേഷ്യപ്പെടുന്നതിനിടയിലും
അത്ഭുതം തികട്ടി നില്‍ക്കുന്നു - :

പെണ്‍ പൂച്ചയാകുമോ?