Mahmoud Darwish
വെള്ളമേ എന്റെ ഗിതാറിനൊരു തന്ത്രിയാകൂ
കീഴടക്കുവാന്‍ പട നയിക്കുന്നവര്‍ വരും പോകും...

കണ്ണാടികളില്‍ നിന്ന് മുഖം ഓര്‍ത്തെടുക്കുവാന്‍
വിഷമമേറുന്നു
എന്റെ നഷ്ടങ്ങള്‍ കാണുവാനെങ്കിലും
നീയെനിക്കോര്‍മ്മയാവുക

പുറപ്പാടിന്റെ ഈ പെരുംപാതകള്‍ക്കപ്പുറം
ആരാണ് ഞാന്‍?
എല്ലാം കെട്ടടങ്ങിയ ഇടത്തേയ്ക്കുറ്റുനോക്കി
ചെങ്കുത്തായ ചരിവില്‍ നില്‍ക്കും
എന്റെ പേരെഴുതിയൊരു ശിലാപാളി സ്വന്തം
പട്ടണമതിലുകള്‍ താണ്ടി
എഴുന്നൂറ് കൊല്ലങ്ങളെനിക്കകമ്പടി വന്നു


എന്നിലും അന്യരിലും
പ്രവാസചരിത്രം ജനിക്കും നിമിഷത്തില്‍ നിന്ന്
ഭൂതകാലത്തെ രക്ഷിച്ചെടുക്കാന്‍
നിഷ് ഫലമുഴറുന്നു സമയം

വെള്ളമേ എന്റെ ഗിതാറിനൊരു തന്ത്രിയാകൂ
കീഴടക്കുവാന്‍ പട നയിക്കുന്നവര്‍ വരും പോകും...
മാറ്റത്തിന്‍ കരുത്തില്‍
രാഷ്ട്രങ്ങള്‍ ശിഥിലമാകുമ്പോള്‍
തെക്കോട്ട് മുന്നേറുന്നു

ഇന്നലെ ആരായിരുന്നുവെന്നെനിക്കറിയാം
കൊളംബസിന്‍ അറ്റ്ലാന്റിക് കൊടികള്‍ക്കുകീഴില്‍
നാളെ ഞാനാരാകും?

വെള്ളമേ എന്റെ ഗിതാറിനൊരു തന്ത്രിയാകൂ
ഒരു തന്ത്രി

ഈജിപ്റ്റില്‍ ഈജിപ്റ്റില്ല
പുരാതന ഫെസ് നഗരത്തില്‍ ഫെസ് നഗരമില്ല
ഏറെ അകലത്താകുന്നു സിറിയയും

എന്റെ ജനതയുടെ കൊടിയില്‍
കഴുകനില്ല
മംഗോളിയരുടെ പറക്കും കുതിരകള്‍
ചുറ്റിവളഞ്ഞ ഈന്തപ്പനകളുടെ കിഴക്കില്‍ നിന്ന്
ഒരു നദിയും ഒഴുകുന്നില്ല

ഞാനെന്റെ അന്ത്യം കണ്ടത്
ഏത് ആന്റലൂഷ്യയിലാണ്
ഇവിടെ ഈ സ്ഥലത്തോ
അതോ അവിടെയോ?

ഞാനേറ്റം വിലമതിക്കുന്ന
എന്റെ ഭൂതകാലം ഇവിടെ ഉപേക്ഷിച്ച്
ഞാന്‍ മരിച്ചെന്ന് എനിക്കറിയാം

എനിക്കായ് ഇനിയൊന്നുമില്ല, എന്റെ ഗിതാറല്ലാതെ
വെള്ളമേ ഒരു തന്ത്രിയാകൂ

കീഴടക്കാന്‍ പട നയിക്കുന്നവര്‍ വരും പോകും...

.......................................................
മൊഴിമാറ്റം: