Jayalakshmi
വാക്കുകളുടെ വായ് മൂടിയുള്ള കളി
എപ്പോഴോ ഗൌരവമുറ്റതായി
കണ്ണും മനസ്സും തുറിച്ച്
ശ്വാസം കിട്ടാതെ പിടയുമ്പോഴും
വായ്മൂടി തുറന്നില്ല
തുറന്നാല്‍ വാക്കുകള്‍ കുതിച്ചു ചാടും
അര്‍ത്ഥങ്ങള്‍ വരുതി വിട്ട് പായും
ധ്വനി പ്രകമ്പനം കൊള്ളിയ്ക്കും
മനസ്സുകള്‍ പൊള്ളിച്ചു കൊണ്ട്
കണ്ണുകള്‍ കുത്തി നോവിച്ചുകൊണ്ട്
കാതുകള്‍ കൊട്ടിയടച്ചുകൊണ്ട്
വാക്കുകള്‍ രക്ഷ പെടാതിരിയ്ക്കട്ടെ
ഉള്ളില്‍ ആഴിയിലെ കനലായി
നീറുന്ന പുകച്ചിലായി
എരിതീയില്‍നിന്നും വറചട്ടിയിലേയ്ക്കെന്നപോലെ
എന്നില്‍ നിന്നും എന്നിലേയ്ക്കുമാത്രം
പകരുന്ന ഒന്നായി മാറട്ടെ
ഞാനാവട്ടെ
വാക്കുകളാവട്ടെ
ഒന്നാവട്ടെ
മറ്റൊന്നാകാതെയിരിയ്ക്കട്ടെ.

കൂടുതല്‍ കവിതകള്‍