Mohammed Al Magout
ശാസ്ത്രജ്ഞരേ
സാങ്കേതിക വിദഗ്ദ്ധരേ
ബഹിരാകാശ യാത്രയ്ക്ക് എനിക്കൊരു പാസ് തരിക
ഞാന്‍ ദുരിതം നിറഞ്ഞൊരു രാജ്യത്തിന്റെ പ്രതിനിധി

വിധവകളുടേയും വൃദ്ധരുടേയും കുഞ്ഞുങ്ങളുടേയും പേരില്‍
ശൂന്യാകാശത്തേയ്ക്ക് എനിക്കൊരു സൌജന്യപാസ് അയച്ചുതരിക
എന്റെ പക്കല്‍ കണ്ണീരല്ലാതെ
പണമില്ല

സ്ഥലമില്ലെന്നോ?
ബഹിരാകാശക്കപ്പലിനു മുകളില്‍ വാലറ്റത്ത് ഒരിടം മതി
ഒരു ഗ്രാമീണകര്‍ഷകനായതിനാല്‍
ഇത്തരം പരിഗണനകള്‍
എനിക്ക് പരിചിതം തന്നെ.
ഞാന്‍ ഒറ്റ നക്ഷത്രത്തേയും ഉപദ്രവിക്കില്ല
ഒരു മേഘത്തേയും ആക്രമിക്കില്ല
എനിക്കേറ്റവും വേഗത്തില്‍
ദൈവത്തിന്റെ അടുത്തെത്തണം

പുതിയൊരു വ്യവസ്ഥയ്ക്കായുള്ള പോരാട്ടത്തിലേയ്ക്ക്
ഞങ്ങളെ അടിച്ചുണര്‍ത്താന്‍
ദൈവത്തിന്റെ കയ്യിലൊരു ചാട്ട കൊടുക്കണം.

.......................................................
മൊഴിമാറ്റം: