Mohammed Al Magout
ലോകത്തിലെ മുഴുവന്‍ വിളനിലങ്ങളും
രണ്ടു ചെറിയ ചുണ്ടുകളോട് ഏറ്റുമുട്ടുന്നു
ചരിത്രത്തിലെ മുഴുവന്‍ തെരുവുകളും
രണ്ടു നഗ്നപാദങ്ങളോടും.

പ്രണയമേ
അവര്‍ സഞ്ചരിച്ചു
ഞങ്ങള്‍ കാത്തിരുന്നു
അവര്‍ക്ക് കഴുമരങ്ങളുണ്ട്
ഞങ്ങള്‍ക്ക് കഴുത്തുകളും
അവര്‍ക്ക് മുത്തുകളുണ്ട്
ഞങ്ങള്‍ക്കു മറുകുകളും കാക്കപ്പുള്ളികളും

രാത്രിയും ഉദയവും
പകലും ഉച്ചസൂര്യനും അവരുടേതു തന്നെ
ഞങ്ങള്‍ക്കോ എല്ലും തൊലിയും

ഉച്ചവെയിലത്ത് ഞങ്ങള്‍ ‍നടുന്നു
തണലത്തിരുന്നവര്‍ തിന്നുന്നു
അവരുടെ പേരുകള്‍ ചോറുപോലെ വെളുത്തത്
ഞങ്ങളുടേത് ഉള്‍ക്കാടുകള്‍ പോലെ ഇരുണ്ടത്

അവരുടെ മാറിടങ്ങള്‍ പട്ടിന്റെ മാര്‍ദ്ദവമുള്ളത്
ഞങ്ങളുടേത് കഴുനിലങ്ങള്‍ പോലെ പൊടി മൂടിയത്.

എന്നിട്ടും ഞങ്ങളാണ്
ലോകത്തിലെ രാജാക്കന്മാര്‍
അവരുടെ വീടുകള്‍
വരവ് ചെലവ് കണക്കുകളും
രസീതുകളും കൊണ്ട് മൂടപ്പെട്ടിരിക്കുന്നു
ഞങ്ങളുടെ വീടുകള്‍
ശരത്കാലത്തിന്റെ ഇലകളാലും

അവരുടെ കീശയില്‍
കള്ളന്മാരുടേയും രാജ്യദ്രോഹികളുടേയും
മേല്‍വിലാസങ്ങള്‍
ഞങ്ങളുടെ കീശയില്‍
നദികളുടേയും ഇടിമുഴക്കത്തോടെ പെയ്യുന്ന
മഴകളുടേയും വിലാസങ്ങള്‍

ജാലകങ്ങള്‍ അവരുടേതുതന്നെ
കാറ്റുകള്‍ ഞങ്ങളുടേത്
കപ്പലുകള്‍ അവരുടേത് തന്നെ
തിരമാലകള്‍ ഞങ്ങളുടേത്
പതക്കങ്ങള്‍ അവരുടേത്
മണ്ണ് ഞങ്ങളുടേത്
മതിലുകളും ബാല്‍ക്കണികളും അവര്‍ക്ക് സ്വന്തം
വടങ്ങളും ക ാരകളും ഞങ്ങളുടേത്

എന്നാലിപ്പോള്‍
പ്രിയപ്പെട്ടവരേ വരിക,
നമുക്ക് തെരുവോരങ്ങളില്‍ ഉറങ്ങാം.

.......................................................
മൊഴിമാറ്റം: